ഒരു കാലത്ത് രാത്രിയുടെ ഇരുളിൽ മാത്രം ഭയം വിതച്ചിരുന്ന “മുണ്ടറോട്ടു കൊല്ലി” എന്ന ഒറ്റയാൻ ഇപ്പോൾ പട്ടാപ്പകലും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്. നിരവധി ജീവനുകൾ കവർന്ന ഈ കാട്ടാനയുടെ സാന്നിധ്യം മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതം വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ചെറുപുഴ പഞ്ചായത്തിലെ രാജഗിരി മുതൽ കാനംവയൽ വരെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ 15 ദിവസമായി ഒറ്റയാൻ തമ്പടിച്ചിരിക്കുകയാണ്. കൃഷിയിടങ്ങളിൽ വ്യാപക നാശനഷ്ടം വിതയ്ക്കുന്നതിനൊപ്പം റോഡുകളിലേക്കും മരങ്ങൾ തള്ളിയിട്ട് ഗതാഗതം തടസ്സപ്പെടുത്തുന്ന നിലയിലാണ്. നിരവധി തെങ്ങുകളും കൃഷികളും ഇതിനോടകം നശിപ്പിച്ചതായി നാട്ടുകാർ പറയുന്നു.
വാഴ, കപ്പ, കൊക്കോ, കശുവണ്ടി തുടങ്ങി വിവിധ വിളകൾ കൃഷിയിടങ്ങളിലിറങ്ങി നശിപ്പിക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയായിരിക്കുകയാണ്. രാവിലെ കൃഷിയിടങ്ങളിലേക്ക് പോകാൻ പോലും ആളുകൾ കൂട്ടമായാണ് നീങ്ങുന്നത്. പകൽ സമയത്തും ആന എത്തുന്ന സാഹചര്യത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വീടുകളിൽ തന്നെ കഴിയേണ്ട അവസ്ഥയിലാണ്.
“രാത്രിയിൽ മാത്രമല്ല, ഇപ്പോൾ പകലും ഭയന്നാണ് ജീവിക്കുന്നത്,” വനാതിർത്തിയിലെ ഒരു കർഷകൻ പറയുന്നു. ആനയുടെ സഞ്ചാരപാതകൾ ജനവാസ മേഖലയുമായി ചേർന്നതിനാൽ ഏത് നിമിഷവും അപകടമുണ്ടാകാമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
മുണ്ടറോട്ടു കൊല്ലിയെ പിടികൂടുകയോ കാടിനകത്തേക്ക് തിരിച്ചയക്കുകയോ ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മനുഷ്യജീവൻ നഷ്ടപ്പെട്ട ശേഷമുള്ള നടപടികൾക്ക് പകരം മുൻകരുതൽ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യവും നാട്ടുകാർ ഉയർത്തുന്നു.
വിളവെടുക്കാൻ സാധിക്കാതെ കർഷകർ
ഒറ്റയാനയുടെ ശല്യം മൂലം മലയോര മേഖലയിലെ കർഷകർ കടുത്ത ദുരിതത്തിലാണ്. കൊക്കോയും കശുവണ്ടിയും വിളവെടുക്കാൻ കഴിയാതെ കൃഷിയിടങ്ങൾ ഉപേക്ഷിച്ച നിലയിലാണ് പലരും.
“കൊക്കോ പഴുത്ത് നിൽക്കുകയാണ്. പക്ഷേ തോട്ടത്തിലേക്ക് പോകാൻ പോലും പേടിയാണ്. കൃഷിയിടത്തിന് സമീപത്ത് തന്നെ കാട്ടാനയുടെ ചിന്നംവിളി കേൾക്കാറുണ്ട്,” എന്ന് കർഷകനായ ജിജോ ജോയി പറയുന്നു. ആനയുടെ സാന്നിധ്യം സ്ഥിരമായതോടെ തൊഴിലാളികളും കൃഷിയിടങ്ങളിലേക്ക് പോകാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഇപ്പോൾ കശുവണ്ടിയുടെ വിളവെടുപ്പ് കാലം കൂടിയായതിനാൽ തോട്ടങ്ങളിൽ വീണ് കിടക്കുന്ന കശുവണ്ടി നശിച്ചുപോകുകയാണ്. മാസങ്ങളുടെ അധ്വാനഫലമായ വിളകൾ കണ്ണുമുന്നിൽ നശിക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കർഷകർ.
വന്യമൃഗ ശല്യത്തിന് സ്ഥിരപരിഹാരം കാണണമെന്നും രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
റോഡ് ഗതാഗതവും തടസ്സപ്പെട്ടു
ഒറ്റയാന ഇറങ്ങിയതോടെ പ്രദേശത്തെ റോഡ് ഗതാഗതവും പ്രതിസന്ധിയിലായി. തെങ്ങ് ഉൾപ്പെടെയുള്ള മരങ്ങൾ റോഡിലേക്ക് തള്ളിയിട്ട നിലയിലാണ്. ഇതുമൂലം വാഹനങ്ങൾക്ക് വഴി കടന്നുപോകാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.
കാര്യംങ്കോട് പുഴ കടന്നാണ് ഒറ്റയാന കൃഷിയിടങ്ങളിലെത്തുന്നത്. ഇവിടെ നിന്നുമാണ് മരങ്ങളും മറ്റ് സാധനങ്ങളും റോഡിലേക്ക് വലിച്ചെറിയുന്നത് പതിവാക്കിയിരിക്കുന്നത്. ഈ റോഡിൽ നിന്ന് വെറും 100 മീറ്റർ അകലെയാണ് രണ്ടുവർഷം മുമ്പ് ഒരു യുവാവിനെ ഈ കാട്ടാന ചവിട്ടിക്കൊന്നത്. അതുകൊണ്ടുതന്നെ പകൽസമയത്ത് പോലും ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.
ഏക യാത്രാമാർഗമായ പാലവും തകർച്ച ഭീഷണിയിൽ
ഒറ്റയാന ഭീതി രൂക്ഷമാകുന്നതിനിടെ രാജഗിരിയിലെ ഏക യാത്രാമാർഗമായ തൂക്കുപാലവും തകർച്ച ഭീഷണിയിലാണിപ്പോൾ. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി നഗരിൽ കോൺക്രീറ്റ് നടപ്പാലം പണിയണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
തേജസ്വിനിപ്പുഴയ്ക്കും കർണാടക വനത്തിനും ഇടയിൽ താമസിക്കുന്ന രാജഗിരി ഇടക്കോളനി നിവാസികൾ പുഴയിലെ മുളപ്പാലം വഴിയാണ് പുറംലോകവുമായി ബന്ധപ്പെടുന്നത്. എന്നാൽ കാലപ്പഴക്കം ചെന്ന മുളപ്പാലം എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.
പാലം പണിയാനുള്ള മുളകൾ സാധാരണ കർണാടക വനത്തിൽ നിന്നാണ് ശേഖരിക്കുന്നത്. എന്നാൽ വനത്തിൽ നിന്ന് മുള മുറിക്കുന്നതിന് കർണാടക വനംവകുപ്പ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ അറ്റകുറ്റപ്പണിയും നിലച്ചിരിക്കുകയാണ്.
ഒരു വശത്ത് കുത്തിയൊഴുകുന്ന തേജസ്വിനിപ്പുഴയും മറുവശത്ത് കാട്ടാനകൾ വിഹരിക്കുന്ന കർണാടക വനവും. ജീവൻ പണയം വെച്ചാണ് രാജഗിരി ഇടക്കോളനി നിവാസികളുടെ ഓരോ ദിവസവും കടന്നുപോകുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.