ന്യൂഡൽഹി: അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ജീവനക്കാരൻ സസ്പെൻഷനിലായതായി കണക്കാക്കാമെന്ന് സുപ്രീം കോടതി. ഇതിനായി പ്രത്യേക ഉത്തരവുകളുടെ ആവശ്യമില്ലെന്നും ജസ്റ്റിസ് ജെബി.പർദിവാല, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ പ്രതിയായ ബിഹാർ സദർ ആശുപത്രി മാനേജറുടെ ജാമ്യം റദ്ദാക്കിയ പട്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, സെഷൻസ് കോടതി നൽകിയ ജാമ്യം പുനഃസ്ഥാപിച്ചു.
ബിഹാറിലെ സമസ്തിപൂർ സദർ ആശുപത്രിയിലെ മാനേജർ/അഡ്മിനിസ്ട്രേറ്റർ ആയി സേവനം അനുഷ്ഠിക്കുന്നയാളാണ് അപ്പീൽ നൽകിയത്. പരാതിക്കാരന്റെ ശമ്പളമായ 36,421 രൂപ അനുവദിക്കുന്നതിനായി 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ചാണ് ഇയാൾക്കെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7(ബി) പ്രകാരം കേസെടുത്തത്. തുടർന്ന് അറസ്റ്റിലായ ഇയാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പരാതിക്കാരൻ പട്ന ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ജാമ്യം റദ്ദാക്കി പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയും ചെയ്തു.
കേസിലെ വസ്തുവകകൾ പരിശോധിച്ച സുപ്രീം കോടതി, പ്രതി അറസ്റ്റിലായി ഏകദേശം 15 ദിവസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി. "ഒരു സർക്കാർ ജീവനക്കാരൻ അറസ്റ്റിലാവുകയും 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയും ചെയ്താൽ അയാൾ സസ്പെൻഷനിലായതായി കണക്കാക്കാം. അദ്ദേഹം ഒരു സർക്കാർ ജീവനക്കാരനായതിനാൽ സസ്പെൻഷനിലാക്കപ്പെട്ടതായി കരുതേണ്ടതാണ്. ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവുകൾ ഒന്നും തന്നെ ആവശ്യമില്ല," കോടതി നിരീക്ഷിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.