കൂടാളി: ഗ്രാമപഞ്ചായത്തിലെ നായാട്ടുപാറ-മയ്യിൽ റോഡരികിൽ വിവാഹ സൽക്കാര പരിപാടികളുടെ മാലിന്യങ്ങൾ തള്ളിയതിന് രണ്ട് സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് 40,000 രൂപ പിഴ ചുമത്തി. തലശ്ശേരി കതിരൂരിലെ ഇക്കോഫ് ഇവൻ്റ് മാനേജ്മെൻറ്, വടക്കുമ്പാട് ഷഹറാസ് കാറ്ററിങ്ങ് ഏജൻസി എന്നിവർക്കാണ് 20,000 രൂപ വീതം പിഴ ചുമത്തിയത്.
ഭക്ഷണ അവശിഷ്ടങ്ങൾ, കുടിവെള്ളക്കുപ്പികൾ, മേശവിരികൾ, പച്ചക്കറി അവശിഷ്ടങ്ങൾ, ഉപയോഗിച്ച അലങ്കാര വസ്തുക്കൾ എന്നിവ ഒരു ഡസനോളം നിരോധിത ഗാർബേജ് ബാഗുകളിലാക്കിയാണ് റോഡരികിലും തൊട്ടടുത്ത സ്വകാര്യഭൂമിയിലുമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പഞ്ചായത്തീ രാജ് ആക്ട് 219 (എ.സി) പ്രകാരം മാലിന്യങ്ങൾ തരംതിരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറാത്തതിന് 10,000 രൂപ വീതവും, 219 (എൻ) പ്രകാരം മാലിന്യങ്ങൾ പൊതുസ്ഥലത്തും സ്വകാര്യ ഭൂമിയിലുമായി വലിച്ചെറിഞ്ഞതിന് 10,000 രൂപ വീതവുമാണ് ഇരു സ്ഥാപനങ്ങളിൽ നിന്നുമായി ഈടാക്കിയത്.
പിഴയ്ക്ക് പുറമെ, തൽസമയം തന്നെ സ്വന്തം ചെലവിൽ പ്രസ്തുത സ്ഥാപനങ്ങളെക്കൊണ്ട് എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് മാലിന്യം നീക്കം ചെയ്യിക്കുകയും ചെയ്തു.
പരിശോധനയിൽ സ്‌ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ശ്രീഹരി, കൂടാളി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സഫ്രീന എന്നിവർ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.