തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി. ആരോഗ്യ സർവകലാശാല വിസിയ്ക്കാണ് നിർദേശം നൽകിയത്. വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. വി സി ഗവർണർക്ക് വിഷയത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകി. ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിലെത്തി തെളിവെടുപ്പ് നടത്തും. സമിതി വിദ്യാർത്ഥികളുടെ മൊഴിയെടുക്കും. സർവകലാശാല ഗവേർണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠനാണ് അന്വേഷണസംഘത്തലവൻ.
അതേസമയം, നിതിന്റെ മരണത്തിൽ പ്രതികളായ ഡോ. റാമിനെയും ഡോ. സംഗീതയെയും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾ ഒളിവിലാണ് എന്നാണ് വിവരം. ഇവർ മുൻകൂർ ജാമ്യത്തിനായി ശ്രമങ്ങൾ ആരംഭിച്ചു എന്നാണ് വിവരം. ഇരുവരെയും കണ്ടെത്തണണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അറസ്റ്റ് മാത്രമല്ല, ഡോ. റാമിനെ പുറത്താക്കണം എന്നത് കൂടിയാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതുവരെ സമരം തുടരും എന്നതാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം ആന്ധ്രപ്രദേശിലേക്കും വ്യാപിപ്പിക്കും എന്നാണ് വിവരം. അധ്യാപിക ലതയ്‌ക്കെതിരെയും അന്വേഷണം വേണമെന്നാണ് നിതിന്റെ കുടുംബത്തിന്റെ ആവശ്യം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.