പാലക്കാട്: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കനത്ത ചൂടിനെത്തുടർന്ന് പാലക്കാട് വളർത്തുമീനുകൾ വ്യാപകമായി ചത്തുപൊങ്ങി. വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലെത്തിയതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയരാന്‍ സാധ്യതയുള്ളത്. തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. ചുട്ടുപൊള്ളുന്ന വേനലിൽ മനുഷ്യർക്കൊപ്പം മറ്റ് ജീവജാലങ്ങളും ദുരിതത്തിലാണ്. പാലക്കാട് കനത്ത ചൂടിൽ കുളത്തിലെ വളർത്തുമീനുകൾ വ്യാപകമായി ചത്തുപൊങ്ങി. സുമതി എന്ന കർഷക പാട്ടത്തിനെടുത്ത കുളത്തിലെ മത്സ്യങ്ങളാണ് നശിച്ചത്. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇവർക്കുണ്ടായത്. ഉയർന്ന താപനിലയും ജലത്തിലെ ഓക്സിജന്റെ കുറവുമാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമായത്.
ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നത് ശാരീരികാസ്വസ്ഥതകള്‍ക്കും കാരണമാക്കും. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് അപകടമാണ്. അതിനാൽ പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയിൽ താപനില 37 ഡിഗ്രിക്ക് മുകളിലാണ്. അന്തരീക്ഷ ബാഷ്പം 75 ശതമാനം വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നഗര ജീവിതം കൂടുതല്‍ ദുസഹമാകും. ഓൺലൈൻ ഡെലിവറി തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ എന്നിവർ അതീവ ദുരിതത്തിലാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണത്തിലും വൻ കുറവുണ്ടായി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.