പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി ഗവർണർ സി.വി. ആനന്ദ ബോസ് തന്റെ പദവിയിൽ നിന്നും രാജിവെച്ചു.
മൂന്നര വർഷത്തെ സേവനം പൂർത്തിയാകുമ്പോഴാണ് മലയാളി കൂടിയായ ആനന്ദ ബോസിന്റെ അപ്രതീക്ഷിത പടിയിറക്കം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ നടന്ന ഈ നീക്കം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
രാജിക്കുള്ള കൃത്യമായ കാരണം വെളിപ്പെടുത്താൻ സി.വി. ആനന്ദ ബോസ് ഇതുവരെ തയ്യാറായിട്ടില്ല.
ഗവർണർ എന്ന നിലയിൽ ബംഗാളിൽ താൻ മതിയായ സമയം ചെലവഴിച്ചുവെന്നും ഇപ്പോൾ പദവി ഒഴിയാൻ അനുയോജ്യമായ സമയമാണെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
2022 നവംബറിൽ ചുമതലയേറ്റ അദ്ദേഹം, മമത ബാനർജി സർക്കാരുമായി പലപ്പോഴും തുറന്ന പോരിലായിരുന്നു.
ക്രമസമാധാന പ്രശ്നങ്ങളിലും സർവ്വകലാശാലാ നിയമനങ്ങളിലും ഗവർണറും സർക്കാരും തമ്മിലുണ്ടായ തർക്കങ്ങൾ ദേശീയ ശ്രദ്ധ നേടിയിരുന്നു.
ആനന്ദ ബോസിന്റെ ഈ പിന്മാറ്റം ബംഗാൾ രാഷ്ട്രീയത്തിൽ ഒരു യുഗത്തിന്റെ അവസാനമായാണ് വിലയിരുത്തപ്പെടുന്നത്.
സി.വി. ആനന്ദ ബോസിന് പകരമായി തമിഴ്‌നാട് ഗവർണറായ ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്നാൽ ഈ നിയമനത്തിൽ സംസ്ഥാന സർക്കാരുമായി യാതൊരുവിധ ചർച്ചകളും കേന്ദ്രം നടത്തിയിട്ടില്ലെന്ന് മമത ബാനർജി വ്യക്തമാക്കി.
ഇത്തരം ഏകപക്ഷീയമായ പ്രവർത്തനങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ദുർബലപ്പെടുത്തുകയും നമ്മുടെ ഫെഡറൽ ഘടനയുടെ അടിത്തറയെത്തന്നെ തകർക്കുന്നതുമാണെന്ന് മമത തുറന്നടിച്ചു.
സംസ്ഥാനങ്ങളുടെ അന്തസ്സിനെ ഇല്ലാതാക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.