Indian Railways യാത്രക്കാർ ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന യു.ടി.എസ് (UTS) ആപ്പ് 2026 മാർച്ച് 1 മുതൽ പൂർണമായി നിർത്തലാക്കുമെന്ന് അറിയിച്ചു.
ഇതിന് പകരമായി, Indian Railway Catering and Tourism Corporation (ഐ.ആർ.സി.ടി.സി) അംഗീകരിച്ച ഏകീകൃത പ്ലാറ്റ്‌ഫോമായ ‘റെയിൽ വൺ’ ആപ്പിലേക്കാണ് ഇനി ടിക്കറ്റ് ബുക്കിംഗ് സംവിധാനം മാറുന്നത്.
ഈ മാറ്റം യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് കൂടുതൽ ലളിതമാക്കുന്നതിനും റെയിൽവേയുടെ വിവിധ സേവനങ്ങൾ ഒരൊറ്റ ആപ്പിൽ ലഭ്യമാക്കുന്നതിനുമാണ്.
ഇക്കാര്യം Centre for Railway Information Systems (സി.ആർ.ഐ.എസ്) അറിയിച്ചു.
റിസർവേഷൻ ടിക്കറ്റുകൾ മുൻപുപോലെ തന്നെ ഐ.ആർ.സി.ടി.സി വഴിയാകും ലഭിക്കുക. ഐ.ആർ.സി.ടി.സി അംഗീകരിച്ച മറ്റ് പങ്കാളി ആപ്പുകൾക്ക് ലഭിക്കുന്ന ഔദ്യോഗിക അംഗീകാരം ‘റെയിൽ വൺ’ ആപ്പിനും ഉണ്ടാകും.
യു.ടി.എസ് ആപ്പിലെ ആർ-വാലറ്റിൽ ബാക്കിയുള്ള തുക ഉപയോക്താക്കളുടെ പുതിയ ‘റെയിൽ വൺ’ അക്കൗണ്ടിലേക്ക് സ്വയം മാറ്റും. യു.ടി.എസ് ആപ്പിൽ രജിസ്റ്റർ ചെയ്ത അതേ മൊബൈൽ നമ്പർ ഉപയോഗിച്ച് ‘റെയിൽ വൺ’ ആപ്പിൽ ലോഗിൻ ചെയ്താൽ ഈ തുക ലഭ്യമാകും.
പുതിയ ആപ്പിലേക്ക് മാറ്റാൻ താൽപര്യമില്ലാത്തവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ റീഫണ്ടിനായി അപേക്ഷിക്കാനും സൗകര്യമുണ്ടാകും.
ഫെബ്രുവരി അവസാന വാരത്തോടെ യു.ടി.എസ് ആപ്പിലെ റീചാർജ് സേവനങ്ങൾ നിർത്തലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
അതിനാൽ വാലറ്റിൽ വലിയ തുക സൂക്ഷിച്ചിരിക്കുന്നവർ മാർച്ച് ഒന്നിന് മുൻപായി തന്നെ പുതിയ ആപ്പിലേക്ക് മാറാൻ തയ്യാറാകണമെന്ന് റെയിൽവേ നിർദേശിച്ചു.
‘റെയിൽ വൺ’ ആപ്പ് എന്താണ്?
കേന്ദ്ര റെയിൽവേ മന്ത്രി Ashwini Vaishnaw 2025 ജൂലൈ 1-നാണ് ‘റെയിൽ വൺ’ ആപ്പ് പുറത്തിറക്കിയത്. സി.ആർ.ഐ.എസ്-ന്റെ 40-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായായിരുന്നു ലോഞ്ച്.
ജനറൽ ടിക്കറ്റുകൾക്ക് പുറമെ റിസർവേഷൻ ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ (പാസ്) എന്നിവ ബുക്ക് ചെയ്യാനും ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ അറിയാനും ഈ ആപ്പ് വഴി സാധിക്കും.
ഇ-കാറ്ററിംഗ്, പോർട്ടർ ബുക്കിംഗ്, ലാസ്റ്റ് മൈൽ ടാക്സി സേവനം തുടങ്ങിയ സൗകര്യങ്ങളും ‘റെയിൽ വൺ’ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധുനിക സുരക്ഷാ സംവിധാനങ്ങളും ലളിതമായ ഉപയോഗരീതിയുമാണ് പ്രധാന സവിശേഷത.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.