ഡിസംബർ 3 മുതൽ 5 വരെ ഉണ്ടായ വ്യോമപ്രതിസന്ധി കാരണം വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനായി ഇൻഡിഗോ 10,000 രൂപ വരെയുള്ള യാത്രാ വൗച്ചർ പ്രഖ്യാപിച്ചു.
ജീവനക്കാരുടെ കുറവുമൂലമായാണ് ആ ദിവസങ്ങളിൽ ഇൻഡിഗോയുടെ നിരവധി സർവീസുകൾ വലിയ തോതിൽ റദ്ദാക്കപ്പെട്ടത്.
യാത്രക്കാർ അനുഭവിച്ച ബുദ്ധിമുട്ടിന് നഷ്ടപരിഹാരമായി പ്രഖ്യാപിച്ച ഈ വൗച്ചർ അടുത്ത 12 മാസത്തിനുള്ളിൽ ഇൻഡിഗോയുടെ ഏതെങ്കിലും ആഭ്യന്തര അല്ലെങ്കിൽ അന്തർദേശീയ സർവീസുകളിൽ ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു.
വ്യോമയാന മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാര തുകക്ക് പുറമേയാണ് ഈ വൗച്ചർ ലഭിക്കുന്നത്.
പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദായ യാത്രക്കാർക്ക് യാത്രാദൂരം അനുസരിച്ച് 5,000 മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.
നിലവിലെ പ്രതിസന്ധി കുറഞ്ഞുവരികയാണെന്നും 24 മണിക്കൂറിനുള്ളിൽ സർവീസ് റദ്ദാകുന്ന സംഭവങ്ങൾ ഗണ്യമായി കുറയുകയാണെന്നും ഇൻഡിഗോ അറിയിച്ചു.
അതേസമയം, പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ ഇൻഡിഗോയുടെ ശൈത്യകാല ഷെഡ്യൂളിൽ നിന്ന് 10 ശതമാനം സർവീസുകൾ സർക്കാർ വെട്ടിക്കുറച്ചു.
വിമാനയാത്രകളിലെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു റാംമോഹൻ നായിഡു വ്യക്തമാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.