കണ്ണൂർ: വിദ്യാർത്ഥികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതവും സമയബന്ധിതവുമായി സഹായം ലഭ്യമാക്കുന്നതിനും സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ സേവനങ്ങൾ കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനുമായി സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്ക് കണ്ണൂരിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക പോക്കറ്റ് കാർഡ് തയ്യാറാക്കി. സ്നേഹിതാ സേവനങ്ങൾ, സ്ത്രീ-ശിശു സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന ഹെൽപ്‌ലൈൻ നമ്പറുകൾ, മറ്റ് അത്യാവശ്യ എമർജൻസി കോൺടാക്ട് നമ്പറുകൾ എന്നിവ ഉൾപ്പെടുത്തിയ പോക്കറ്റ് കാർഡിന്റെ ജില്ലാതല പ്രകാശനം കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി. വി. വിജയ ഭാരത് റെഡ്ഡി ഐ.പി.എസ്. നിർവഹിച്ചു.
വിദ്യാർത്ഥികൾക്ക് ഏത് അടിയന്തര സാഹചര്യത്തിലും സഹായം തേടാൻ ആവശ്യമായ വിവരങ്ങൾ എപ്പോഴും കൈവശം സൂക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് പോക്കറ്റ് കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുരക്ഷാ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികളിൽ സഹായം തേടുന്നതിനുള്ള അവബോധം വർധിപ്പിക്കുന്നതിനുമുള്ള ഒരു മാതൃകാപരമായ ഇടപെടലായാണ് ഈ സംരംഭം നടപ്പാക്കുന്നത്. പോക്കറ്റ് കാർഡിന്റെ ആദ്യഘട്ട വിതരണം അഴീക്കോട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ മോഡൽ ജെൻഡർ റിസോഴ്സ് സെന്ററിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിലെ ജെൻഡർ ക്ലബ് അംഗങ്ങൾക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (SPC) വിദ്യാർത്ഥികൾക്കുമാണ് നടത്തുന്നത്. തുടർന്ന് ജില്ലയിലെ മറ്റ് സ്കൂൾ വിദ്യാർത്ഥികളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
പ്രകാശന ചടങ്ങിൽ കണ്ണൂർ സിറ്റി സ്റ്റുഡന്റ് പൊലീസ് അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ കെ. രാജേഷ്, കണ്ണൂർ സിറ്റി പൊലീസ് ജനമൈത്രി അഡീഷണൽ നോഡൽ ഓഫീസർ വിജേഷ് സി., അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ അമർജ്യോത് എം., ജെൻഡർ ഡി.പി.എം. ഇൻ-ചാർജ് സന്ധ്യ പി. വി., സ്നേഹിതാ സ്റ്റാഫ് ബിബിത കെ. എന്നിവർ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.