പയ്യന്നൂർ: തുലാം പത്ത് പിറന്നതോടെ ഉത്തര മലബാറിൽ ഇനി തെയ്യാട്ടക്കാലം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രങ്ങൾ, ഭഗവതിക്കാവ്, മുണ്ട്യ, കഴകം, കോട്ടം, താനം, അറ, പള്ളിയറ തുടങ്ങി തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങളിലെല്ലാം വരും ദിവസങ്ങളിൽ ചിലമ്പൊലി ഉയരും. കളിയാട്ട മഹോത്സവവും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പെരുങ്കളിയാട്ടങ്ങൾക്കും ക്ഷേത്രമുറ്റങ്ങൾ ഒരുങ്ങാൻ തുടങ്ങി.
മയ്യിൽ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് ഉത്തര മലബാറിലെ തെയ്യക്കാലം തുടങ്ങുക. തുലാം ഒന്നിന് കാവുകൾ തെയ്യത്തെ വരവേൽക്കുകയും തുലാം പത്തോടെ തെയ്യക്കാലം പൂർണമായും ആരംഭിക്കുകയും ചെയ്യും. പയ്യന്നൂർ പെരുമാളിന്റെ തട്ടകത്തിൽ തുലാം പിറന്നതോടെ തെയ്യങ്ങൾ അരങ്ങിലെത്തിയിരുന്നു.
വരും ദിവസങ്ങളിൽ വിവിധങ്ങളായ ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങൾ നടക്കും. കളിയാട്ടത്തിന് മുന്നോടിയായി ആടയാഭരണങ്ങൾ മിനുക്കിയെടുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരൻമാർ. കളിയാട്ടക്കാലം അരികിലെത്തുന്നതിനു മുന്നോടിയായി അണിയലങ്ങൾ ഒരുക്കി വെക്കും. ദേവതകളുടെ പുരാസങ്കൽപമനുസരിച്ച് അതിസൂക്ഷ്മതയോടെയാണ് അണിയലങ്ങൾ ഒരുക്കിയെടുക്കുന്നത്. ഓരോ തെയ്യത്തിനും ചമയങ്ങൾ ഏറെ പ്രധാനമാണ്. ആചാരനിഷ്ഠയോടും വ്രതശുദ്ധിയോടുമാണ് തെയ്യം കലാകാരൻമാർ ചമയങ്ങൾ ഒരുക്കുന്നത്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.