ന്യൂഡൽഹി: ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം കുട്ടികൾക്കും ബാധകമാണെന്ന് സുപ്രീം കോടതി. പ്രായത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് ഈ അവകാശം പൂർണമായി നിഷേധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 19(1)(a), 21 അനുച്ഛേദങ്ങൾ ചേർത്തുവായിക്കുമ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികാവകാശങ്ങളുടെ ഭാഗമാണെന്നാണ് കോടതിയുടെ പരാമർശം.
കുട്ടികൾക്ക് സുരക്ഷയും സ്വാതന്ത്ര്യവും ഒരുപോലെ അവകാശം
പ്രായഭേദമന്യേ കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷയും സ്വാതന്ത്ര്യവും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ലെന്നും രണ്ടിനും അവർ അർഹരാണെന്നും കോടതി നിരീക്ഷിച്ചു. ഒരു നിശ്ചിത പ്രായത്തിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷിക്കപ്പെടേണ്ട മനഃസാക്ഷിയോ പ്രകടിപ്പിക്കാനുള്ള അഭിപ്രായസ്വാതന്ത്ര്യമോ ഇല്ലെന്ന നിലപാടിന് തുല്യമാണ് ഇന്റർനെറ്റ് അവകാശം പൂർണമായി നിഷേധിക്കുന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ശിശു അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ‘ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്’, മറ്റൊരു ഹർജിക്കാരൻ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
കുട്ടികൾക്കെതിരായ അതിക്രമം തടയാൻ ദേശീയ ഡാറ്റാബേസ്
കുട്ടികൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമായി ദേശീയതലത്തിൽ ഡാറ്റാബേസ് സൃഷ്ടിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു. ഇത്തരം ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഐഡന്റിഫയറുകളും യൂണിഫോം റിസോഴ്‌സ് ലോക്കേറ്ററുകളും (URL) ഉൾപ്പെടുത്തുന്നതാണ് നിർദേശത്തിന്റെ ലക്ഷ്യം.
കുട്ടികൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ ഡിജിറ്റൽ ഉള്ളടക്കങ്ങൾ തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനുമായി സാങ്കേതിക സംവിധാനങ്ങൾ ശക്തിപ്പെടുത്താനും കോടതി നിർദേശിച്ചു.
പെർസെപ്ച്വൽ ഹാഷ് മാച്ചിങ്, URL പട്ടിക തയ്യാറാക്കൽ തുടങ്ങിയ സാങ്കേതിക മാർഗങ്ങൾ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളും രൂപീകരിക്കണമെന്നാണ് കേന്ദ്രത്തോടുള്ള നിർദേശം. കുട്ടികളുടെ ഡിജിറ്റൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഓൺലൈൻ ഇടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ നടപടികൾ സഹായകരമാകുമെന്നാണ് ലക്ഷ്യം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.