ന്യൂഡൽഹി: മേജർ നവ്യ ശെഖാവത്ത് രാഷ്ട്രപതിയുടെ എഡിസി (എയ്ഡ്-ഡി-ക്യാമ്പ്) പദവിയിലെത്തി ചരിത്രനേട്ടം സ്വന്തമാക്കി. രാഷ്ട്രപതിയുടെ എഡിസിയാകുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയും ഇന്ത്യൻ ആർമിയിൽ നിന്ന് ഈ ചുമതലയിലെത്തുന്ന ആദ്യ വനിതയുമാണ് നവ്യ.
2021-ലാണ് നവ്യ സൈന്യത്തിൽ കമ്മിഷൻ നേടിയത്. വെറും അഞ്ച് വർഷത്തിനുള്ളിലാണ് അവർ രാഷ്ട്രപതിയുടെ എഡിസിയായി ചുമതലയേറ്റത്.
രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക ചടങ്ങുകളിലും പരിപാടികളിലും രാഷ്ട്രപതിക്കൊപ്പമുണ്ടാകുന്നതിന് പുറമെ നിരവധി സുപ്രധാന ചുമതലകളും എഡിസിമാർ നിർവഹിക്കണം.
മുതിർന്ന സൈനിക, സിവിൽ ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തുക, ഔദ്യോഗിക പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ദേശീയ ചടങ്ങുകളിലും ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള പരിപാടികളിലും പങ്കെടുക്കുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ.
രാഷ്ട്രപതിക്ക് സാധാരണയായി അഞ്ച് എഡിസിമാരാണുള്ളത്. കരസേനയിൽ നിന്ന് മൂന്ന് പേരും നാവികസേനയിൽ നിന്നും വ്യോമസേനയിൽ നിന്നും ഓരോ ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടാകുന്നത്
രാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടികളിൽ ആവശ്യമായ സഹായം നൽകുന്നതിനൊപ്പം സൈനിക, ആചാരപരമായ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നതിലും എഡിസിമാർ നിർണായക പങ്കുവഹിക്കുന്നു.
രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ കെർപുര സ്വദേശിയായ നവ്യ ശെഖാവത്ത് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് ഡിഫൻസ് സർവീസസ് (CDS) പരീക്ഷയിലൂടെയാണ് സൈനിക ജീവിതത്തിലേക്ക് എത്തിയത്.
ഷോർട്ട് സർവീസ് കമ്മിഷൻ വിമൻ നോൺ-ടെക്നിക്കൽ കോഴ്സിന്റെ മെറിറ്റ് പട്ടികയിൽ ഇടം നേടിയതിനെ തുടർന്ന് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി.
തുടർന്ന് 2021ൽ ആർമി സർവീസ് കോർപ്സിൽ കമ്മിഷൻ ലഭിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ മേജർ പദവിയിലെത്തിയ നവ്യ 2026ൽ രാഷ്ട്രപതിയുടെ എഡിസിയായി ചുമതലയേറ്റു.
രാഷ്ട്രപതിയുടെ എഡിസിയായി ചുമതലയേൽക്കുന്ന രണ്ടാമത്തെ വനിതാ ഓഫീസറാണ് നവ്യ ശെഖാവത്ത്. 2025ൽ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കിയാണ് ഈ പദവിയിലെത്തിയ ആദ്യ വനിത.
എന്നാൽ ഇന്ത്യൻ ആർമിയിൽ നിന്ന് രാഷ്ട്രപതിയുടെ എഡിസിയാകുന്ന ആദ്യ വനിതാ ഓഫീസർ എന്ന ചരിത്രനേട്ടം മേജർ നവ്യ ശെഖാവത്തിന് സ്വന്തമായി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.