ന്യൂഡൽഹി: പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ 24 ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ജൂൺ 18നാണ് വോട്ടെടുപ്പ് നടക്കുക.
പത്ത് സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന സീറ്റുകളിലെ അംഗങ്ങളുടെ കാലാവധി ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള ദിവസങ്ങളിലാണ് അവസാനിക്കുന്നത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് തുടങ്ങിയ പ്രമുഖരുടെ കാലാവധിയും ഇതോടെ അവസാനിക്കും.
ആന്ധ്രപ്രദേശിൽ നാല്, ഗുജറാത്തിൽ നാല്, കർണാടകയിൽ നാല്, മധ്യപ്രദേശിൽ മൂന്ന്, രാജസ്ഥാനിൽ മൂന്ന്, ഝാർഖണ്ഡിൽ രണ്ട്, മണിപ്പൂരിൽ ഒന്ന്, മേഘാലയയിൽ ഒന്ന്, അരുണാചൽ പ്രദേശിൽ ഒന്ന്, മിസോറത്തിൽ ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
നിലവിൽ ഒഴിവുവരുന്ന 24 സീറ്റുകളിൽ 16 സീറ്റുകളും എൻ.ഡി.എയുടെ കൈവശമുള്ളവയാണ്. കക്ഷിനില പ്രകാരം ബി.ജെ.പിക്ക് 12 സീറ്റും, എൻ.പി.പി, ജെ.ഡി.എസ്, എം.എൻ.എഫ്, ടി.ഡി.പി എന്നിവർക്ക് ഓരോ സീറ്റുമാണ് നിലവിലുള്ളത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ എട്ടാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 11. ജൂൺ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ വോട്ടെടുപ്പ് നടക്കും. അന്നേ ദിവസം തന്നെ വോട്ടെണ്ണലും പൂർത്തിയാക്കും. ജൂൺ 20നകം തിരഞ്ഞെടുപ്പ് നടപടികൾ സമാപിക്കും.
അതേസമയം, സുനേത്ര പവാർ രാജിവെച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്നും, സി.വി. ഷൺമുഖം രാജിവെച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്നും ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ജൂൺ 18ന് നടക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.