വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വീണ്ടും കര്‍ശന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി).
ഓടുന്ന ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റിനുള്ളില്‍ ഫോണ്‍ തിരുകിവെച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വകുപ്പ് ജാഗ്രതാ സന്ദേശം നല്‍കിയിരിക്കുന്നത്.
കൈയില്‍ മൊബൈല്‍ പിടിച്ച് സംസാരിക്കുന്നതുമാത്രമല്ല നിയമലംഘനമെന്ന് എംവിഡി വ്യക്തമാക്കുന്നു. ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ ചെവിയില്‍ വെച്ച് ഹെല്‍മറ്റിനുള്ളില്‍ ഒളിപ്പിച്ച് സംസാരിക്കുന്നവരും അതേ പോലെ തന്നെ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നുവെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഫോണ്‍ സംഭാഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണത്തില്‍ പൂര്‍ണമായ ശ്രദ്ധ നല്‍കാന്‍ കഴിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. തലച്ചോറിന്റെ ഒരു ഭാഗം ഫോണ്‍ സംഭാഷണത്തിനായി തിരിഞ്ഞിരിക്കുമ്പോള്‍ ഡ്രൈവിങ്ങിനാവശ്യമായ ജാഗ്രത കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇത്തരത്തിലുള്ള അപകടകരമായ പ്രവണതകള്‍ വ്യാപകമാണെന്നും, ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് പലരും ചെറിയ കാര്യമായി കാണുന്നതായും എംവിഡി കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഇത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകാന്‍ ഇടയുണ്ടെന്ന് വകുപ്പ് ഓര്‍മ്മിപ്പിച്ചു.
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സുരക്ഷിത യാത്രയ്ക്കായി ഗതാഗതനിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.