ഗുജറാത്ത്: 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഏകതാ നഗറിൽ (കേവാഡിയ) നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഞ്ച് പതിറ്റാണ്ട് കാലം സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് കന്നഡ നടന്‍ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരവും രാഷ്ട്രപതി സമ്മാനിച്ചു. ഗവർണർ ആചാര്യ ദേവ്‌രഥ്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായി ആറ് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളത്തിനുള്ളത്. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാര്‍ത്തിക് ആര്യനും രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. 'ഭ്രമയുഗം' എന്ന സിനിമയിലെ പ്രകടനമാണ് നാലാം ദേശീയ പുരസ്കാരത്തിന് മമ്മൂട്ടിയെ അർഹനാക്കിയത്. 'ചന്തു ചാംപ്യനി'ലൂടെയാണ് കാർത്തിക് ആര്യൻ പുരസ്കാരം സ്വന്തമാക്കിയത്.
'ഭ്രമയുഗ'ത്തിന്റെ ഛായാഗ്രഹണത്തിന് ഷഹ്നാദ് ജലാൽ പുരസ്കാരത്തിന് അർഹനായി. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മി ഏറ്റുവാങ്ങി. 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനത്തിലൂടെയാണ് പുരസ്കാരനേട്ടം. മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ‘ഫെമിനിച്ചി ഫാത്തിമ’യുടെ അണിയറപ്രവർത്തകരും, നോൺ ഫീച്ചർ സെക്ഷനിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ച 'ഭദ്രകാളി നാടക'ത്തിന്റെ സംവിധായകൻ ആനന്ദ ജ്യോതിയും, മികച്ച ആനിമേഷൻ ചിത്രത്തിനുള്ള (നോൺ ഫീച്ചർ) അവാർഡ് നേടിയ 'ടച്ച്ഡ് ആസ് വാട്ടർ' ഒരുക്കിയ ജോഷി ബെനഡിക്ടും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.