അച്ഛനിട്ട പേര് അയിഷ, 'പോറ്റി' കേറ്റിയത് പാർട്ടി;അയിഷ പോറ്റിയുടെ കമ്മ്യൂണിസ്റ്റ് ജീവിതം ഇങ്ങനെ
വയലാർ രാമവർമ്മയുടെ 'അയിഷ' എന്ന കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അയിഷാ പോറ്റിക്ക് പേരിട്ടത് പിതാവ് എൻ. വാസുദേവൻ പോറ്റിയാണ്
കൊട്ടാരക്കര: വയലാർ രാമവര്‍മയുടെ പ്രശസ്തമായ ഖണ്ഡകാവ്യം അയിഷ പുറത്തിറങ്ങുന്നത് 1952ലാണ്. അയിഷ പോറ്റി ജനിക്കുന്നത് 1958 മെയ് 31നും. വി സാംബശിവന്റെ കഥാപ്രസംഗത്തിലൂടെ ആ കവിത കേരളക്കരയാകെ തരംഗമായ അയിഷ എന്ന കാവ്യം. അയിഷ പോറ്റിയുടെ പിതാവ് എൻ. വാസുദേവൻ പോറ്റി വയലാറിന്റെ ഈ കവിതയിൽ ഏറെ ആകൃഷ്ടനായി. കടുത്ത കമ്യൂണിസ്റ്റഅ അനുഭാവികളായിരുന്നു വാസുദേവൻ പോറ്റിയും സഹോദരങ്ങളും. മകൾക്കൊരു പേരിടാൻ വാസുദേവൻ പോറ്റിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല
എന്നാൽ പിതാവ് തനിക്ക് പേരിട്ടത് അയിഷ എന്ന് മാത്രമായിരുന്നെന്നും, അതിൽ പോറ്റി എന്ന വാല് ചേര്‍ത്തത് പാർട്ടിയാണെന്നും അവർ വെളിപ്പെടുത്തുകയുണ്ടായി. 2024ൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ അയിഷ പോറ്റി നടത്തിയത്
അതെസമയം അയിഷ പോറ്റിയുടെ തെരഞ്ഞെടുപ്പ് അഫിഡവിറ്റുകളിലെല്ലാം പേരിനൊപ്പം പോറ്റി എന്ന വാലുണ്ട് എന്നത് ശ്രദ്ധേയമാണ്. രേഖകളിൽ ഇല്ലെന്ന് അയിഷ പോറ്റി സൂചിപ്പിക്കുന്ന വാല് പാർട്ടി കൂട്ടിച്ചേർത്തത് എങ്ങനെയാണെതിൽ വ്യക്തതയില്ല. പേരിലെ ഈ വൈരുദ്ധ്യം അയിഷയുടെ ജീവിതശൈലിയിലും കാണാം. അയിഷ പോറ്റി തന്നെ പറയുന്നതു പ്രകാരം താൻ 'നല്ല വിശ്വാസിയാണ്.' ആരാധനയും പൂജയുമൊക്കെ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു: 'അതൊന്നുമില്ല. വിളക്ക് കൊളുത്തും. ചേട്ടന്റെ കുടുംബത്തിലുണ്ട് തേവാരവും പൂജയും.'
പാർട്ടിയിൽ വിഭാഗീയത ശക്തമായിരുന്ന കാലത്ത് അയിഷ പോറ്റി വിഎസ് അച്യുതാനന്ദനൊപ്പമായിരുന്നു. എങ്കിലും പ്രത്യക്ഷമായി അത്തരം പക്ഷങ്ങളുടെ രാഷ്ട്രീയ ഒഴുക്കുകളിൽ പെടാൻ നിന്നിട്ടില്ല അയിഷ പോറ്റി. ജില്ലയിലെ കടുത്ത വിഎസ് പക്ഷക്കാരായാണ് മേഴ്‌സിക്കുട്ടിയമ്മയും ഗുരുദാസനുമെല്ലാം അറിയപ്പെട്ടിരുന്നത്. ഈ വിഭാഗീയതയുടെ കാലം അയിഷ പോറ്റിയുടെ 'കരിയറിൽ' പരിക്കേൽപ്പിച്ചിട്ടുണ്ട്. ഒരു തികഞ്ഞ പാർട്ടിക്കാരിയായി അയിഷ പോറ്റി ഒരിക്കലും അറിയപ്പെട്ടില്ല എന്നതും അവർക്ക് പലപ്പോഴും തിരിച്ചടിയായി
.