തിരുവനന്തപുരം: ബാങ്കുകളിലെയും അക്ഷയ കേന്ദ്രങ്ങളിലെയും വിവിധ സേവനങ്ങൾ ഇനി റേഷൻകടകളിലും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സിവിൽ സപ്ലൈസ് വകുപ്പിന്റെ ‘സ്മാർട്ട് റേഷൻ ഷോപ്പ്’ പദ്ധതി അടുത്ത സാമ്പത്തിക വർഷം നടപ്പാക്കാനാണ് തീരുമാനം. റേഷൻകടകളെ കൂടുതൽ സേവനകേന്ദ്രങ്ങളാക്കി മാറ്റുന്നതിനൊപ്പം വ്യാപാരികൾക്ക് അധിക വരുമാനം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം
ബാങ്കിങ് സേവനങ്ങളുടെ 20 ശതമാനം റേഷൻകടകളിൽ
ദേശസാത്കൃത ബാങ്കുകളുടെ 20 ശതമാനം സേവനങ്ങൾ റേഷൻകടകൾ വഴി ലഭ്യമാക്കാനാണ് പദ്ധതി. പണം പിൻവലിക്കൽ, നിക്ഷേപം, ചെക്ക് നൽകൽ, അക്കൗണ്ട് വിവരങ്ങൾ പുതുക്കൽ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടും.
ഇതിനാവശ്യമായ മെഷീനുകൾ ബാങ്കുകൾ തന്നെ റേഷൻകടകളിൽ സ്ഥാപിക്കും. മെഷീനുകളുടെ വാടകയും സേവനങ്ങൾ നൽകുന്നതിനുള്ള വേതനവും റേഷൻകട ലൈസൻസികൾക്ക് ബാങ്കുകൾ നൽകും. ഇതുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് അധികൃതർ ബാങ്ക് പ്രതിനിധികളുമായി ധാരണയിലെത്തിയിട്ടുണ്ട്.
അക്ഷയ കേന്ദ്രങ്ങൾ വഴി ലഭിക്കുന്ന വിവിധ സേവനങ്ങളും റേഷൻകടകളിൽ ഒരുക്കും. ഇതിനായി കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കും. സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ കടയുടമകൾക്ക് അനുമതിയുണ്ടാകും.
കേന്ദ്രസർക്കാരിന്റെ സ്മാർട്ട് പി.ഡി.എസ് പദ്ധതി ഏപ്രിലിൽ നടപ്പാക്കുന്നതോടെ റേഷൻ സേവനങ്ങൾ എംപാനൽ ചെയ്ത മറ്റ് കടകളിലും ലഭ്യമാകുന്ന സാഹചര്യമുണ്ടാകും. ഇതിലൂടെ റേഷൻ വ്യാപാരികളുടെ വരുമാനം കുറയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാർ പുതിയ പദ്ധതി തയ്യാറാക്കുന്നത്.
ലൈസൻസികൾക്ക് പ്ലസ് ടു യോഗ്യത നിർബന്ധം
സ്മാർട്ട് റേഷൻ ഷോപ്പ് പദ്ധതിയുടെ ഭാഗമായി റേഷൻകട ലൈസൻസികൾക്ക് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കാനാണ് ആലോചന. അധിക സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. സേവനങ്ങൾ നൽകുന്നതിനായി ലൈസൻസികൾക്ക് പ്രത്യേക പരിശീലനവും നൽകും.
സ്ഥലസൗകര്യവും വിദ്യാഭ്യാസ യോഗ്യതയും വെല്ലുവിളി
പദ്ധതി നടപ്പാക്കുന്നതിൽ പ്രധാന വെല്ലുവിളികൾ സ്ഥലസൗകര്യവും ലൈസൻസികളുടെ വിദ്യാഭ്യാസ യോഗ്യതയുമാണ്. സംസ്ഥാനത്തെ മിക്ക റേഷൻകടകൾക്കും അധിക ഉപകരണങ്ങൾ സ്ഥാപിക്കാനും പുതിയ സേവനങ്ങൾ ഒരുക്കാനും ആവശ്യമായ സ്ഥലമില്ലെന്നാണ് വിലയിരുത്തൽ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.