തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്കുള്ള രേഖകൾ സമർപ്പിക്കാനുള്ള സമയം ഈ മാസം 30 വരെ നീട്ടി.
മുൻപ് 22 വരെയായിരുന്നു അനുവദിച്ച സമയപരിധി. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി സമയവിസ്താരം അനുവദിച്ചത്.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
അർഹരായവർ തെറ്റായി ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഈ പട്ടിക വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
നിലവിൽ പട്ടികയിൽ നിന്ന് പുറത്തായവർക്ക് പരാതി നൽകാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്.
വോട്ടർ പട്ടികയിൽ ഇടം നേടാനുള്ള അവകാശം ആരുടേയും നഷ്ടപ്പെടരുതെന്ന് ഉറപ്പാക്കാൻ ഈ നടപടി അനിവാര്യമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
സമയം നീട്ടിയതോടെ കേരളത്തിലെ എസ്‌ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം വൈകാൻ സാധ്യതയുണ്ട്.
ഒഴിവാക്കിയവർക്കു കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതിയെത്തുടർന്നാണ് കോടതി ഇടപെട്ടത്.
ഫെബ്രുവരി 21-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ നീക്കം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.