ഡൽഹി: രാജ്യത്തെ രണ്ടാംഘട്ട എസ്ഐആർ കരട് വോട്ടർപട്ടികയിൽ നിന്നും 13 ശതമാനം വോട്ടർമാർ പുറത്തായതായി റിപ്പോർട്ട്. ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആറ് കോടി 56 ലക്ഷം വോട്ടർമാരാണ് വെട്ടിമാറ്റപ്പെട്ടത്. ഇതോടെ ആകെ വോട്ടർമാർ 50.97 കോടിയിൽ നിന്നും 44.40 കോടിയായി ചുരുങ്ങി. ഉത്തർപ്രദേശിൽ മാത്രം 2.89 കോടി വോട്ടർമാരാണ് പുറത്തായത്. എഐസിസിസി വർക്കിങ് കമ്മിറ്റി അംഗം കുൽദീപ് സിംഗ് സപ്പൽ ഉൾപ്പെടെ യുപിയിൽ പട്ടികയ്ക്ക് പുറത്തായി. മതിയായ രേഖകൾ സമർപ്പിച്ചിട്ടും വോട്ട് വെട്ടിയെന്നാണ് കോൺഗ്രസ് നേതാവിൻ്റെ ആരോപണം. ആൻഡമാനിൽ 16.72 ശതമാനം വോട്ടർമാർ പുറത്തായി കേരളത്തിൽ 8.64 ശതമാനവും, ബംഗാളിൽ 7.6 ശതമാനവും, തമിഴ്നാട് 15.18 ശതമാനം വോട്ടർമാരുമാണ് പട്ടികയിൽ നിന്നും വെട്ടിമാറ്റപ്പെട്ടത്.
മൂന്ന് തവണ നീട്ടിവച്ചതിന് ശേഷമാണ് ഉത്തര്‍പ്രദേശില്‍ എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. കൂടുതല്‍ പേര്‍ പട്ടികയില്‍ നിന്ന് ഒഴിവായി പോകുമെന്ന ആശങ്കയ്ക്ക് പിന്നാലെയാണ് പ്രസിദ്ധീകരിക്കുന്നത് നീട്ടിവച്ചത്. എന്നാൽ പട്ടിക പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തെ 2.89 കോടി വോട്ടര്‍മാരാണ് കരട് പട്ടികയിൽ നിന്ന് പുറത്തായത്. ഇതില്‍ 46 ലക്ഷം പേര്‍ മരിച്ചവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ വിലയിരുത്തുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.