മൂന്നാർ: ഹൈറേഞ്ചിൽ ശൈത്യകാലം ശക്തമാകുന്നതിനിടെ മീശപ്പുലിമലയിൽ താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസിലെത്തി. ഈ സീസണിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. പുലർച്ചെ റോഡോ മാൻഷന് സമീപത്തെ പുൽമേടുകളിൽ മഞ്ഞുകണങ്ങൾ ഉറഞ്ഞുകിടന്നത് സഞ്ചാരികൾക്ക് അപൂർവ കാഴ്ചയായി. വരും ദിവസങ്ങളിൽ താപനില ഇനിയും താഴാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
മീശപ്പുലിമലയുടെ താഴ്വാരത്തുള്ള റോഡോ മാൻഷന് സമീപത്തെ പുൽമേടുകളിലാണ് ഇന്നലെ പുലർച്ചെ മഞ്ഞുകണങ്ങൾ ഉറഞ്ഞുകിടന്നത്. താപനില പൂജ്യത്തിന് താഴെയെത്തിയതോടെയാണ് പുല്ലിലും പരിസരപ്രദേശങ്ങളിലും മഞ്ഞ് രൂപപ്പെട്ടത്.
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KFDC) നേതൃത്വത്തിലാണ് മീശപ്പുലിമലയിലേക്ക് സഞ്ചാരികൾക്കായി ട്രക്കിങ് സൗകര്യം ഒരുക്കുന്നത്. മഞ്ഞുകണങ്ങൾ ഉറഞ്ഞുകിടക്കുന്ന കാഴ്ച കാണാൻ എത്തിയ വിനോദസഞ്ചാരികൾക്ക് ഇത് വേറിട്ട അനുഭവമായി
മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ ഏഴ് ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില. നല്ലതണ്ണി, മാട്ടുപ്പെട്ടി മേഖലകളിൽ ഇത് ആറ് ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി.
ഒരാഴ്ച മുമ്പ് മൂന്നാറിൽ കുറഞ്ഞ താപനില ആറ് ഡിഗ്രിയിലെത്തിയിരുന്നു. ഇപ്പോൾ ശൈത്യം കൂടുതൽ ശക്തമായതോടെ രാത്രിയിലും പുലർച്ചെയും മേഖലയിൽ അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.
താപനിലയിൽ വരും ദിവസങ്ങളിലും കുറവുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ചില പ്രദേശങ്ങളിൽ താപനില പൂജ്യത്തിനും താഴേക്ക് എത്താനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വൈകുന്നേരങ്ങളിലും പുലർച്ചെയും മിക്ക സ്ഥലങ്ങളിലും കനത്ത കോടമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. എന്നാൽ രാത്രിയിലെ കടുത്ത തണുപ്പിന് വിപരീതമായി പകൽ സമയങ്ങളിൽ താരതമ്യേന ചൂടുള്ള കാലാവസ്ഥയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.