സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നല്‍കിയ ഉറപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ലെന്ന് സിജെപി. ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധിച്ചവര്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കുമെന്നതാണ് പാഴ്‌വാക്കായത്. വാക്ക് പാലിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചയ്ക്കെത്തിയ കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് സിജെപി വക്താവ് അശുതോഷ് റങ്കയാണ് ആദ്യം എക്സില്‍ ഇക്കാര്യം അറിയിച്ചത്. പിന്നാലെ, മറ്റൊരു വക്താവ് സൗരവ് ദാസും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് രാജ്യസഭാ എംപിയുമായ കപില്‍ സിബലിനുമൊപ്പം സിജെപി വാര്‍ത്താ സമ്മേളനവും നടത്തി.
സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെടുകയാണ്. ബിജെപി ഭരിക്കുന്ന ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ഡല്‍ഹിയും മറ്റു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുക്കുകയോ, മര്‍ദിക്കുകയോ ചെയ്തു. സമരത്തെ പിന്തുണച്ചവരെപ്പോലും തടങ്കലിലാക്കിയെന്ന് ഡല്‍ഹിയില്‍നിന്ന് തന്നെ പല തവണ റിപ്പോര്‍ട്ടുകള്‍ വന്നു. വിദ്യാര്‍ഥികള്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണം. തടങ്കലിലുള്ള വിദ്യാര്‍ഥികളെ ഉടന്‍ വിട്ടയയ്ക്കണം. ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയപോലെ, ഭാവിയിലും എഫ്ഐആര്‍ പാടില്ല. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നപക്ഷം, വീണ്ടും സമരത്തിന് നിര്‍ബന്ധിതരാകുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.