വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാത്രിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകുന്നേരം നാല് മണിക്ക് ശിവാജി പാർക്കിലാണ് സംസ്കാരം.
എട്ട് ദശാബ്ദങ്ങൾ നീണ്ട ആശാ ഭോസ്‌ലെയുടെ സംഗീത യാത്ര വൈവിധ്യപൂർണമായിരുന്നു. 20 ഭാഷകളിലായി 12,000ത്തിലധികം ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. ഒ.പി. നയ്യാർ, സഹൂർ ഖയ്യാം ഹാഷ്മി, ശങ്കർ-ജയ്കിഷൻ, നൗഷാദ്, ആർ.ഡി. ബർമൻ, ഇളയരാജ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ തലമുറയിലെ അതികായരുടെ ഗാനങ്ങൾക്ക് ശബ്ദമായി. ഈ ഗാനങ്ങൾ എല്ലാം തന്നെ എവർഗ്രീൻ ഹിറ്റുകളാണ്.
1943ൽ 'മാത്സ ബാൽ' എന്ന മറാത്തി ചിത്രത്തിലെ 'ചലാ ചലാ നവ് ബാല' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. പത്ത് വയസായിരുന്നു അപ്പോൾ പ്രായം. 1948ൽ 'ചുൻരിയ' എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1949ൽ 'രാത് കി റാണി' എന്ന ചിത്രത്തിലാണ് ആദ്യ സോളോ ഗാനം ആലപിക്കുന്നത്.
തുടക്കകാലത്ത് പാടിയ 'പിയാ തു അബ് തോ ആജാ', 'ഓ ഹസീനാ സുൽഫോൻ വാലി' തുടങ്ങിയ ചടുലമായ നൃത്തഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾക്ക് സുപരിചിതമാണ്. പിന്നീടങ്ങോട്ട് ശാസ്ത്രീയ സംഗീതം, ഗസലുകൾ, പോപ്പ്, ഭജനുകൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും തന്റെ മികവ് തെളിയിച്ച ആശാ ഭോസ്‌ലെ ഇന്ത്യൻ സിനിമാസംഗീതശാഖയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. 'കഭി തോ നസർ മിലാവോ' പോലുള്ള ഇൻഡിപോപ്പ് ഗാനങ്ങളിലൂടെ പുതിയ തലമുറയുടെ പ്രിയങ്കരിയായി മാറാനും ആശാ ഭോസ്‌ലെയ്ക്ക് കഴിഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.