ചിക്കമംഗളൂരു: ട്രെക്കിങ്ങിനിടെ കാണാതായി പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ. മൃതദേഹം കണ്ടെത്തിയ സ്ഥലം സംബന്ധിച്ചാണ് കുടുംബത്തിന്റെ പ്രധാന സംശയം.
വെള്ളച്ചാട്ടം സന്ദർശിച്ച ശേഷം ശ്രീനന്ദ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിയിരുന്നുവെന്നും, മൃതദേഹം കണ്ടെത്തിയ ചെരിവ് ഗ്രൗണ്ടിന്റെ മറുവശത്താണെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. കാണാതായത് വ്യൂപോയിന്റിൽ നിന്നായിരുന്നുവെങ്കിലും മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് കുട്ടി പോയിട്ടില്ലെന്നാണ് ബന്ധുക്കളുടെ വാദം.
കൂടാതെ, മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മുൻദിവസവും തിരച്ചിൽ നടത്തിയിരുന്നുവെന്നും അന്നപ്പോൾ ഒന്നും കണ്ടെത്താനായില്ലെന്നും അവർ പറയുന്നു. ശ്രീനന്ദ ധരിച്ചിരുന്ന ചെറിയ സ്വർണമോതിരം കാണാനില്ലെന്നും ഇത് സംശയം വർധിപ്പിക്കുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.
നാലുദിവസത്തെ തിരച്ചിലിന് ശേഷമാണ് ബാബാ ബുധൻഗിരിക്ക് സമീപമുള്ള ഹർഷന ഗുപ്പെയിൽ 1500 അടി താഴ്ചയിൽ മൃതദേഹം കണ്ടെത്തിയത്. തെർമൽ ഡ്രോൺ ഉപയോഗിച്ചാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് എസ്‌ഐ സുനിൽ മൃതദേഹം ശ്രീനന്ദയുടേതാണെന്ന് സ്ഥിരീകരിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കാമെന്ന സംശയവും കുടുംബം ഉന്നയിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് സിസിടിവി സൗകര്യം ഇല്ലെന്നും സമീപ പ്രദേശങ്ങളിലുള്ളവരെ ചോദ്യം ചെയ്യുന്നതിൽ പൊലീസ് വീഴ്ച വരുത്തുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു.
ഇതിനിടെ, പൊലീസ്, വനംവകുപ്പ്, ദുരന്തനിവാരണ സേന എന്നിവ ചേർന്ന് വിപുലമായ തിരച്ചിലാണ് നടത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.