കണ്ണൂർ: സബ് നാഷണല്‍ ഇന്റന്‍സിഫൈഡ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി നവംബര്‍ 22ന് ജില്ലയില്‍ അഞ്ച് വയസ്സിന് താഴെയുള്ള 1,35,142 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും. 1,655 അതിഥി തൊഴിലാളി കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും.
ഇതിനായി ജില്ലയില്‍ 1,586 വാക്സിനേഷന്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ 42 ട്രാന്‍സിറ്റ് ബൂത്തുകളും 127 മൊബൈല്‍ ബൂത്തുകളും സജ്ജീകരിക്കും. ബൂത്തുകള്‍ വഴി വാക്സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കുന്നതിനായി 4,137 ഹൗസ് ടു ഹൗസ് വോളണ്ടിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 519 സൂപ്പര്‍വൈസര്‍മാരും 3,465 ബൂത്ത് വോളണ്ടിയര്‍മാരും പള്‍സ് പോളിയോ ക്യാമ്പെയിനില്‍ പങ്കാളിയാകും.
വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. ജില്ലാ ഭരണകൂടം ഏകോപനവും മേല്‍നോട്ടവും നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ-ശിശുവികസന വകുപ്പ്, പോലീസ്, പി.ആര്‍.ഡി, കെ.എസ്.ഇ.ബി, കുടുംബശ്രീ, റെയില്‍വേ, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളും വിവിധ സന്നദ്ധ സംഘടനകളും പരിപാടിയുമായി സഹകരിക്കും. ഐ.എം.എ, ഐ.എ.പി, റോട്ടറി, ലയണ്‍സ് ക്ലബ്ബുകള്‍, നെഹ്റു യുവകേന്ദ്ര തുടങ്ങിയ സംഘടനകളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍, ആദിവാസി മേഖലകള്‍, യാത്രക്കാരും പൊതുജനങ്ങളും എത്തുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധ നല്‍കും. അഞ്ച് വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയും വാക്സിനേഷന്‍ പരിധിയില്‍നിന്ന് ഒഴിവാകാതിരിക്കാന്‍ രക്ഷിതാക്കള്‍ സഹകരിക്കണമെന്നും നവംബര്‍ 22ന് കുട്ടികളെ അടുത്തുള്ള പള്‍സ് പോളിയോ ബൂത്തിലെത്തിച്ച് പോളിയോ തുള്ളിമരുന്ന് നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 28ന് നടന്ന കഴിഞ്ഞ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ റൗണ്ടില്‍ 99.01 ശതമാനം കുട്ടികള്‍ക്ക് ജില്ലയില്‍ തുള്ളിമരുന്ന് നല്‍കിയിരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.