ണ്ഡിഗഡ്: ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബാങ്ക് അക്കൗണ്ടിൽനിന്ന് 20 രൂപ ഈടാക്കിയ സംഭവത്തിൽ ബാങ്കിന് തിരിച്ചടി. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) പദ്ധതിയിലേക്കെന്ന പേരിൽ അക്കൗണ്ടിൽനിന്ന് അനധികൃതമായി തുക പിടിച്ചെടുത്ത സംഭവത്തിലാണ് ഉപഭോക്തൃ കോടതി 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ബാങ്കിനോട് ഉത്തരവിട്ടത്. വെറും 20 രൂപയുടെ അനധികൃത ഈടാക്കലിനെ തുടർന്നുണ്ടായ സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കോടതിയുടെ നടപടി.
വർഷങ്ങളായി താൻ ഉപയോഗിച്ചുവരുന്ന ബാങ്ക് അക്കൗണ്ടിൽനിന്നാണ് 20 രൂപ തന്റെ അനുമതിയില്ലാതെ പിടിച്ചെടുത്തതെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുമായി ബന്ധപ്പെട്ട പ്രീമിയം എന്ന നിലയിലാണ് തുക ഈടാക്കിയതെന്നാണ് പരാതിക്കാരന്റെ ആരോപണം.
എന്നാൽ, ഈ പദ്ധതിയിൽ ചേരുന്നതിനായി താൻ യാതൊരു സമ്മതവും നൽകിയിട്ടില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട ഇൻഷുറൻസ് സ്കീമിനോ അപേക്ഷാ ഫോമിനോ അനുമതിപത്രത്തിനോ മറ്റ് രേഖകൾക്കോ താൻ ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ പണം ഈടാക്കിയത് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ സേവന വീഴ്ചയാണെന്നായിരുന്നു പരാതിക്കാരന്റെ വാദം.
പരാതി കോടതിയിലെത്തിയതിന് പിന്നാലെയാണ് ബാങ്ക് അധികൃതർ അക്കൗണ്ടിൽനിന്ന് ഈടാക്കിയ 20 രൂപ തിരികെ നൽകിയത്. തുക പലിശ സഹിതം മടക്കി നൽകിയതായും ബാങ്ക് കോടതിയെ അറിയിച്ചു.
തങ്ങളുടെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചതായി ബാങ്ക് അധികൃതർ കോടതിയിൽ സമ്മതിച്ചു. എന്നാൽ, മനഃപൂർവം ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് പണം പിടിച്ചെടുത്തതല്ലെന്നും സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് അനധികൃതമായി തുക ഈടാക്കിയതെന്നുമായിരുന്നു ബാങ്കിന്റെ വിശദീകരണം.
പിഴവ് ശ്രദ്ധയിൽപ്പെട്ടതോടെ പണം തിരികെ നൽകിയെന്നും ബാങ്ക് അറിയിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതായി അധികൃതർ കോടതിയെ ബോധിപ്പിച്ചു. അതിനാൽ കൂടുതൽ നഷ്ടപരിഹാരം നൽകേണ്ട സാഹചര്യമില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്.
അനധികൃതമായി തുക ഈടാക്കിയതിനെതിരെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്നത്തിന് ഉടൻ പരിഹാരം ലഭിച്ചില്ലെന്നാണ് പരാതിക്കാരൻ വ്യക്തമാക്കിയത്. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സംഭവത്തിൽ തനിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 50,000 രൂപ നഷ്ടപരിഹാരമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.