ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്‍പിജി ഉപഭോഗം കുത്തനെ കുറഞ്ഞെന്ന് റിപോര്‍ട്ടുകള്‍. ഇന്ത്യയുടെ എല്‍പിജി ഉപഭോഗം 16 ശതമാനം കുറഞ്ഞെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ല് വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 13.4 ദശലക്ഷം ടണ്ണായിരുന്ന ഇന്ത്യയുടെ എല്‍പിജി ഉപഭോഗം ഈ വര്‍ഷം ഇതേ കാലയളവില്‍ 11.3 ദശലക്ഷം ടണ്ണായി ചുരുങ്ങി. എല്‍പിജി വിതരണത്തില്‍ തടസം നേരിട്ടതോടെ പൈപ്പ് വഴിയുള്ള പ്രകൃതി വാതകം ഉപയോഗത്തിലേക്ക് മാറാനുള്ള നീക്കം ശക്തമായതോടെയാണ് ഈ കുറവ് വന്നത്. എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്ക് മാറുന്നത് വേഗത്തിലാക്കാന്‍ ജില്ലാതല ഭരണകൂട സഹായം നല്‍കണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് വിതരണക്കാരുമായും എണ്ണ വിപണന കമ്പനികളുമായും ഏകോപനം നടത്തുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ എല്‍പിജി ക്ഷാമം രൂക്ഷമായിരുന്നു. സിലിണ്ടര്‍ ലഭിക്കുന്നതിന് മാസങ്ങളുടെ കാത്തിരിപ്പ് വരെ അനുഭവിക്കേണ്ടിവന്ന വേളയില്‍ ഹോട്ടലുകള്‍ അടക്കമുള്ളവര്‍ വിറകടുപ്പുകളിലേക്ക് തിരിച്ചുപോവുകയും ചെയ്തിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.