ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള പേപ്പർ കറൻസി നോട്ടുകൾക്ക് പകരമായി പോളിമർ ബാങ്ക് നോട്ടുകൾ അവതരിപ്പിക്കുന്ന കാര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പരിഗണിക്കുന്നതായി റിപ്പോർട്ട്. കൂടുതൽ കരുത്തും ദീർഘായുസുമുള്ള നോട്ടുകൾ പ്രചാരത്തിലാക്കുന്നതിലൂടെ അച്ചടി ചെലവും പഴകിയ നോട്ടുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവും കുറയ്ക്കുകയാണ് ലക്ഷ്യം.
ഡിജിറ്റൽ ഇടപാടുകൾ വർധിച്ചിട്ടും രാജ്യത്ത് കറൻസി നോട്ടുകളുടെ ഉപയോഗം ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിലെ പേപ്പർ നോട്ടുകൾ വേഗത്തിൽ കേടാകുന്നതിനാൽ വലിയ തോതിൽ പുതിയ നോട്ടുകൾ അച്ചടിക്കേണ്ട സാഹചര്യം ആർബിഐയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്.
പ്രത്യേക തരം പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പോളിമർ നോട്ടുകൾ വെള്ളം, പൊടി, കീറൽ, മടക്കൽ തുടങ്ങിയവയെ കൂടുതൽ പ്രതിരോധിക്കും. അതിനാൽ സാധാരണ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ കാലം ഉപയോഗിക്കാൻ സാധിക്കും. കള്ളനോട്ടുകൾ തടയാൻ സഹായിക്കുന്ന മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളും ഇവയിൽ ഉൾപ്പെടുത്താൻ കഴിയും.
2024-25 സാമ്പത്തിക വർഷത്തിൽ മാത്രം കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനായി ആർബിഐ 6,372.8 കോടി രൂപ ചെലവഴിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഇത് ഗണ്യമായ വർധനവാണ്. അതേസമയം കേടായതും മലിനമായതുമായ നോട്ടുകൾ വലിയ തോതിൽ പിൻവലിക്കുകയും നശിപ്പിക്കുകയും ചെയ്യേണ്ട സാഹചര്യവും നിലനിൽക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 23.8 ബില്യൺ നോട്ടുകളാണ് ആർബിഐ നശിപ്പിച്ചത്. ഇതിൽ കൂടുതലും 500 രൂപയുടെയും 100 രൂപയുടെയും നോട്ടുകളായിരുന്നു. പോളിമർ നോട്ടുകൾ അവതരിപ്പിച്ചാൽ എടിഎമ്മുകളിലും കറൻസി കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.