വിവാദങ്ങള്‍ക്കും രാജിക്കും പിന്നാലെ അസിത സഹീറിന് പുതിയ തട്ടകം. അസിത ബിഗ് ടിവിയില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി ചുമതലയേറ്റു
മാധ്യമപ്രവര്‍ത്തകയെ സ്വാഗതം ചെയ്തുകൊണ്ട് ബിഗ് ടിവി ഫേസ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവച്ചു. ന്യൂസ് റൂമിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ അസിതയുടെ പുതിയ കാഴ്ചപ്പാടുകളും നേതൃത്വവും സഹായിക്കട്ടെയെന്നും സ്ഥാപനത്തോടൊപ്പമുള്ള യാത്ര വിജയകരമാകട്ടെയെന്നും ആശംസിച്ചാണ് ബിഗ് ടിവി വരവറിയിച്ചത്.
കടുത്ത മത്സരത്തിലേക്ക് നീങ്ങിയ മലയാളം വാര്‍ത്താ ചാനല്‍ മേഖലയില്‍ ട്വന്റിഫോറില്‍ നിന്നുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് അസിതയുടെ മാറ്റം..
.
ട്വന്റിഫോര്‍ ചാനല്‍ മേധാവി ആര്‍. ശ്രീകണ്ഠന്‍ നായര്‍ അടുത്തിടെ നടത്തിയ ഒരു പരാമര്‍ശമാണ് അസിതയുടെ രാജിക്ക് പിന്നാലെ മറ്റൊരു വിവാദത്തിന് വഴിവച്ചത്. പിതാവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് പറഞ്ഞ് രണ്ടര ലക്ഷം രൂപ പലിശരഹിത വായ്പ വാങ്ങിയ ഒരാള്‍ പിന്നീട് രാജിവെച്ച് പോകുമ്പോള്‍ ഒരു വാക്കുപോലും പറയാതെ സ്ഥാപനത്തെ വിട്ടുപോയെന്നായിരുന്നു ശ്രീകണ്ഠന്‍ നായരുടെ പരാമര്‍ശം.
വായ്പയെടുത്ത വ്യക്തിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും രോഗിയായി കിടക്കുന്ന പിതാവിനെ ഓര്‍ത്താണ് അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചാനലില്‍നിന്ന് രാജിവെക്കുന്നവരില്‍ ഭൂരിഭാഗവും കൂടുതല്‍ ശമ്പളം പ്രതീക്ഷിച്ചാണ് പോകുന്നതെന്നും ചിലരുടെ നടപടികള്‍ മാനസികമായി വിഷമിപ്പിക്കുന്നുണ്ടെന്നും ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
ഈ പരാമര്‍ശം അസിത സഹീറിനെ ഉദ്ദേശിച്ചുള്ളതാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായി. പിന്നാലെ അസിതയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു.
വിവാദത്തില്‍ അസിത നേരിട്ട് രംഗത്തെത്തി ആരോപണങ്ങള്‍ നിഷേധിച്ചു. പിതാവിന്റെ ചികിത്സയ്ക്കായി രണ്ടര ലക്ഷം രൂപ എന്നല്ല, രണ്ട് രൂപ പോലും ആരില്‍നിന്നും കടം വാങ്ങിയിട്ടില്ലെന്നായിരുന്നു അസിതയുടെ പ്രതികരണം. 65-ാം വയസ്സിലും സ്വന്തം അധ്വാനത്തില്‍ ജീവിക്കുന്ന പിതാവിന്റെ മകളാണ് താനെന്നും ട്വന്റിഫോറില്‍ ജോലി ചെയ്ത എട്ട് മാസത്തിനിടെ പിതാവ് അസുഖബാധിതനായി ചികിത്സ തേടിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
പിതാവിന്റെ ചികിത്സയ്ക്കായി പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാന്‍ ശ്രീകണ്ഠന്‍ നായരെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു. ചാനലില്‍നിന്ന് രാജിവെച്ചപ്പോള്‍ രണ്ട് മാസത്തെ നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ സ്ഥാപനം ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുകയായ 93,204 രൂപ നല്‍കിയ ശേഷമാണ് താന്‍ പടിയിറങ്ങിയതെന്നും അസിത പറഞ്ഞു. സ്ഥാപനത്തിന്റെ 'ജനപ്രിയ' അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.
തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയ ചാനല്‍ മേധാവി അതില്‍ വ്യക്തത വരുത്തണമെന്നും കുടുംബത്തെക്കൂടി അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അസിത മുന്നറിയിപ്പ് നല്‍കിയിരുന്നു...
വിവാദം ശക്തമായതോടെ ശ്രീകണ്ഠന്‍ നായര്‍ വിശദീകരണവുമായി രംഗത്തെത്തി. രണ്ടര ലക്ഷം രൂപ വായ്പ വാങ്ങിയശേഷം രാജിവെച്ചുപോയത് ഒരു പുരുഷ അവതാരകനാണെന്നും അസിത സഹീറിനെക്കുറിച്ചല്ല പരാമര്‍ശമെന്നും അദ്ദേഹം വ്യക്തമാക്കി. അസിത സ്ഥാപനത്തില്‍നിന്ന് ഒരു വായ്പയും വാങ്ങിയിട്ടില്ലെന്നും മാന്യമായാണ് ചാനലില്‍നിന്ന് പടിയിറങ്ങിയതെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.
രാജിവെച്ച് പോകുമ്പോള്‍ താന്‍ ടൂറിലായിരുന്നതിനാല്‍ അസിതയെ നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ പിന്നീട് വെണ്ണലയിലെ കോര്‍പ്പറേറ്റ് ഓഫീസിലെത്തി അസിത നേരില്‍ കണ്ടു യാത്ര പറഞ്ഞിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. അസിതയുമായി സംസാരിച്ചപ്പോള്‍ സൗഹൃദപരമായ സമീപനമാണ് ഉണ്ടായത്. തന്റെ വിഷമങ്ങള്‍ അവര്‍ പങ്കുവെച്ചെന്നും മൂന്ന് പ്രധാന ചാനലുകളില്‍നിന്ന് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന് കാരണം ട്വന്റിഫോറില്‍ ലഭിച്ച അവസരമാണെന്നും അസിത പറഞ്ഞതായി ശ്രീകണ്ഠന്‍ നായര്‍ അവകാശപ്പെട്ടു.
തന്നെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്ന് അസിത പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാതെ സ്വന്തം തൊഴില്‍ മേഖലയില്‍ ശക്തമായി മുന്നോട്ടുപോകണമെന്നാണ് അസിതയോട് പറയാനുള്ളതെന്നും വിവാദം അവസാനിപ്പിക്കുകയാണെന്നും ഇനി വിഷയത്തില്‍ പ്രതികരിക്കില്ലെന്നും ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.