ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പിഞ്ചുകുഞ്ഞിനെ ആനയുടെ തുമ്പിക്കൈയിൽ ഇരുത്തിയുള്ള പാപ്പാന്റെ അത്യന്തം അപകടകരമായ സാഹസം പുറത്തുവന്നു.
ആറ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് പാപ്പാൻ ആനയുടെ തുമ്പിക്കൈയിൽ ഇരുത്തിയത്. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ മുന്നിലായിരുന്നു ഈ അപകടകരമായ കാഴ്ച. രണ്ട് മാസം മുൻപ് പാപ്പാനെ കുത്തിക്കൊന്ന ആനയാണിത് എന്നതാണ് സംഭവത്തിന്റെ ഗുരുതരം വർധിപ്പിക്കുന്നത്.
ദൃശ്യങ്ങളിൽ കുഞ്ഞുമായി പാപ്പാൻ ആനയുടെ അടിയിലൂടെ വലംവയ്ക്കുന്നതും, തുമ്പിക്കൈയിൽ ഇരുത്തുന്നതിനിടെ കുഞ്ഞ് താഴേക്ക് വീഴുന്നതും വ്യക്തമായി കാണാം. കുഞ്ഞ് ആനയുടെ കാലിനിടയിലേക്കാണ് വീണതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദേവസ്വം ബോർഡിന്റെ താൽക്കാലിക പാപ്പാനാണ് കുഞ്ഞുമായി ഈ സാഹസം നടത്തിയതെന്നാണ് വിവരം. കുഞ്ഞ് പാപ്പാന്റെ സ്വന്തം മകനാണെന്നും റിപ്പോർട്ടുകളുണ്ട്. ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന നിലയിൽ സംഭവത്തിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.