ദിലീപ് – മോഹൻലാൽ ടീമിൻ്റെ തകർപ്പൻ അഴിഞ്ഞാട്ടവുമായി “ഭ.ഭ. ബ”യിലെ ഗാനം ട്രെൻഡിങ്
ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിലെത്തുന്ന, ശ്രീ ഗോകുലം മൂവീസ് ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ. ബ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
“അഴിഞ്ഞാട്ടം” എന്ന പേരിൽ പുറത്തിറങ്ങിയ ഗാനം, ദിലീപും മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഉം ഒന്നിച്ച് ചുവടുവയ്ക്കുന്ന തകർപ്പൻ ദൃശ്യങ്ങളോടെ പ്രേക്ഷകർക്ക് ആഘോഷമാകുകയാണ്.
ഗാനം റിലീസ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലേക്കുയർന്നതോടൊപ്പം ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങും വൻതോതിൽ മുന്നേറുകയാണ്.
എം.ജി. ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, നിരഞ്ജ് സുരേഷ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാറും സംഗീതം ഒരുക്കിയത് ഷാൻ റഹ്മാൻ ഉം ആണ്.
ദിലീപും മോഹൻലാലും ഒരുമിച്ച് അഴിഞ്ഞാടുന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചത് സാൻഡി മാസ്റ്റർ. ഇരുവരുടെയും മാസ് ഡാൻസ് മൂവുകളാണ് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം 2025 ഡിസംബർ 18ന് ആഗോള റിലീസായി എത്തും. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തീയേറ്ററുകളെ ഉത്സവപ്പറമ്പാക്കുന്ന വമ്പൻ അതിഥി വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.
ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായിട്ടുണ്ട്. U/A 13+ സർട്ടിഫിക്കറ്റാണ് ‘ഭ.ഭ. ബ’യ്ക്ക് ലഭിച്ചത്. ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ട്രെയ്‌ലറും വലിയ പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
ട്രെയ്‌ലറിന്റെ ആവേശം ഇരട്ടിയാക്കുന്ന തരത്തിലാണ് ഇപ്പോൾ പുറത്തിറങ്ങിയ ഗാനവും അവതരിപ്പിച്ചിരിക്കുന്നത്.
ഹാസ്യവും ആക്ഷനും പാട്ടും നൃത്തവും ചേർത്തിണക്കി ഒരു പൂർണമായ തീയേറ്റർ എന്റർടെയ്നർ അനുഭവം സമ്മാനിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ലക്ഷ്യം.
“വേൾഡ് ഓഫ് മാഡ്‌നസ്” എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം, “ഭയം ഭക്തി ബഹുമാനം” എന്നതിന്റെ ചുരുക്കരൂപമായാണ് ‘ഭ.ഭ. ബ’ എന്ന പേരിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.