വിവാദമായ ക്ഷേമപെൻഷൻ പരാമർശത്തിൽ എം എം മണിയെ തള്ളി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. മണിയുടേത് തികച്ചും അനുചിതമായ പ്രസ്താവനയെന്നും ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ഒരു സർക്കാർ കൊടുക്കുന്ന ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ് എന്നും മണിയെ തള്ളിക്കൊണ്ട് എം എ ബേബി പറഞ്ഞു. ഇടതുപക്ഷം എന്നും ആ സമീപനമാണ് പിന്തുടർന്ന് പോന്നിട്ടുള്ളത്. അതിന് നിരക്കാത്ത തരത്തിലുള്ള അഭിപ്രായപ്രകടനം എം എം മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് പിശകാണ്. അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം എ ബേബി പറഞ്ഞു.
എം എം മണിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പെൻഷൻ എല്ലാം കൃത്യമായി വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങൾ നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തു എന്നും നന്ദികേട് കാണിച്ചു എന്നുമായിരുന്നു എം എം മണിയുടെ വിവാദ പരാമർശം. ഈ പരാമർശത്തിൽ പ്രതികരണവുമായി എം വി ജയരാജനും രംഗത്തുവന്നിരുന്നു. മണിയെ തള്ളാതെയായിരുന്നു ജയരാജൻ പ്രതികരിച്ചത്. എം എം മണി നടത്തിയ പരാമർശത്തെ തോൽവിയുടെ ഭാഗമായി ഉണ്ടായ ഒന്നായി കാണണമെന്നും പെൻഷൻ ഉൾപ്പെടെയുള്ളവ വർധിപ്പിച്ചിട്ടും എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന് കണ്ടെത്തണമെന്നുമാണ് എം വി ജയരാജൻ പറഞ്ഞത്.
പരാമർശത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി സി സതീശനും രംഗത്തുവന്നിരുന്നു. ആനുകൂല്യങ്ങൾ ഇവരുടെ വീട്ടില്‍ നിന്ന് ഔദാര്യം കൊടുത്തതാണോ എന്നും മണി പറഞ്ഞത് പിണറായി വിജയന്‍ അടക്കമുള്ളവരുടെ മനസിലിരിപ്പാണെന്നുമായിരുന്നു വി ഡി സതീശന്‍ പ്രതികരിച്ചത്.
FacebookXWhatsAppLinkedInEmailCopy LinkShare
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.