കോഴിക്കോട്: കൊയിലാണ്ടി സ്റ്റാൻഡിൽ നിന്ന് മോഷ്ടിച്ച് കടത്തിയ സ്വകാര്യ ബസ് വഴിയിൽ ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘സെനോ’ ബസാണ് മോഷണം പോയത്.
പൊയിൽക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിൽ വച്ചാണ് ബസ് ചെളിയിൽ താഴ്ന്നത്. ബസ് കുടുങ്ങിയതോടെ മോഷ്ടാക്കൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ഇന്നലെ രാത്രിയിലാണ് കൊയിലാണ്ടി സ്റ്റാൻഡിൽ നിന്ന് സെനോ ബസ് കടത്തിയത്. എന്നാൽ യാത്രയ്ക്കിടെ പൊയിൽക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിൽ ബസ് ചെളിയിൽ താഴുകയായിരുന്നു.
ബസ് നീക്കാൻ കഴിയാതെ വന്നതോടെയാണ് മോഷ്ടാക്കൾ ഉപേക്ഷിച്ച് രക്ഷപ്പെട്ടതെന്നാണ് നിഗമനം
ബസ് മോഷണം പോയ വിവരം ഉടമയും ജീവനക്കാരും അറിഞ്ഞത് രാവിലെയാണ്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബസ് ചെളിയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്
നിലവിൽ ക്രെയിൻ ഉപയോഗിച്ച് ചെളിയിൽ പൂണ്ടുപോയ ബസ് ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ കൊയിലാണ്ടി പൊലീസിൽ പരാതി നൽകുമെന്ന് ബസ് ഉടമ സലാഹുദ്ദീൻ പറഞ്ഞു.
ബസ് ആരാണ് മോഷ്ടിച്ചതെന്നും സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. മോഷണത്തിന്റെ സാഹചര്യങ്ങളും ബസ് കടത്തിയ വഴിയും പരിശോധിക്കുന്നുണ്ട്.
ഇതിനിടെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.