നിലക്കടല കഴിക്കുന്നത് ഓർമശക്തിക്കും തലച്ചോറിനും ​ഗുണം ചെയ്യുമെന്ന് പഠനം

ഓർമയുമായി ബന്ധപ്പെട്ട ഹിപ്പോകാമ്പസ് ഉൾപ്പെടെയുള്ള തലച്ചോറിന്റെ ചില ഭാഗങ്ങളിൽ ഇൻസുലിൻ പ്രതികരണവുമായി ബന്ധപ്പെട്ട രക്തപ്രവാഹ മാറ്റങ്ങൾ ഗവേഷകർ കണ്ടെത്തി.

പ്രായമാകുമ്പോഴുണ്ടാകുന്ന ഓർമക്കുറവും തലച്ചോറിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റങ്ങളും കുറയ്ക്കാൻ നിലക്കടലയിൽ അടങ്ങിയ പോഷകങ്ങൾ സഹായിക്കുമെന്ന് പുതിയ പഠനം. ദിവസവും ഉപ്പില്ലാത്ത ഒരുപിടി തോലിയോടു കൂടി വറുത്ത നിലക്കടല കഴിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും വാക്കുകൾ ഓർത്തെടുക്കാനുള്ള കഴിവിൽ പുരോ​ഗതി ഉണ്ടാകുകയും ചെയ്യുമെന്നാണ് നെതർലൻഡ്സിലെ മാസ്ട്രിച്റ്റ് സർവകലാശാല ​ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയത്.

60നും 75നും ഇടയിൽ പ്രായമുള്ള 31 ആരോഗ്യവാന്മാരായ മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 16 ആഴ്ചക്കാലം ഇവർ ദിവസവും 60 ഗ്രാം ഉപ്പില്ലാത്ത, തൊലിയോടുകൂടിയ വറുത്ത നിലക്കടല കഴിച്ചു. മറ്റൊരു ഘട്ടത്തിൽ ഇവർ നിലക്കടല ഒഴിവാക്കി. ഇരു ഘട്ടങ്ങളിലെയും ആരോഗ്യപരമായ മാറ്റങ്ങൾ താരതമ്യം ചെയ്താണ് ഗവേഷകർ നിഗമനത്തിലെത്തിയത്.

കഴിച്ച ഘട്ടത്തിൽ ഓർമയുമായി ബന്ധപ്പെട്ട ഹിപ്പോകാമ്പസ് ഉൾപ്പെടെയുള്ള തലച്ചോറിന്റെ ചില ഭാഗങ്ങളിൽ ഇൻസുലിൻ പ്രതികരണവുമായി ബന്ധപ്പെട്ട രക്തപ്രവാഹ മാറ്റങ്ങൾ ഗവേഷകർ കണ്ടെത്തി. തലച്ചോറിലെ നാഡീകോശങ്ങളുടെ വളർച്ചക്കും പരസ്പര ആശയവിനിമയത്തിനും ഓർമശക്തിക്കും ഇൻസുലിൻ പ്രധാനമാണ്.

പഠനത്തിലെ നിർണായക കണ്ടെത്തലുകൾ

  • പതിവായി നിലക്കടല കഴിച്ചവരിൽ തലച്ചോറിലേക്കുള്ള മൊത്തത്തിലുള്ള രക്തയോട്ടം 3.6 ശതമാനം വർധിച്ചു.

  • വാക്കുകൾ ഓർത്തെടുക്കാനുള്ള കഴിവിൽ 5.8 ശതമാനം പുരോഗതി രേഖപ്പെടുത്തി.

  • തലച്ചോറിലെ ഗ്രേ മാറ്ററിലേക്കുള്ള രക്തയോട്ടത്തിൽ 4.5 ശതമാനം വർധനവുണ്ടായി.

  • സിസ്റ്റോളിക് രക്തസമ്മർദത്തിൽ ശരാശരി 5 mmHg കുറവും പൾസ് പ്രഷറിൽ 4 mmHg കുറവും കണ്ടെത്തി.

  • എന്നാൽ പ്രവർത്തനശേഷിയിലും ശരീരത്തിന്റെ ചലനപ്രതികരണ വേഗത്തിലും സമാനമായ പുരോഗതി കണ്ടെത്തിയിട്ടില്ല.

തലച്ചോറിന് നിലക്കടല എങ്ങനെ ഗുണം ചെയ്യുന്നു?

അപൂരിത കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പോളിഫിനോൾ പോലുള്ള സസ്യസംയുക്തങ്ങൾ എന്നിവ കപ്പലണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ രക്തക്കുഴലുകളുടെ പ്രവർത്തനത്തെയും നാഡീകോശങ്ങളുടെ ആരോഗ്യത്തെയും പിന്തുണക്കാൻ സഹായിച്ചേക്കാം. നിലക്കടയിലെ പോഷകഘടകങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്നതിൽ പങ്കുവഹിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

ഇതിൽ അടങ്ങിയിരിക്കുന്ന എൽ-അർജിനിൻ (L-Arginine) എന്ന അമിനോ ആസിഡും പ്രധാനമാണ്. ശരീരത്തിൽ നൈട്രിക് ഓക്സൈഡ് (Nitric Oxide) ഉൽപാദിപ്പിക്കാൻ ഇത് സഹായിക്കുന്നു. രക്തക്കുഴലുകൾ വികസിപ്പിക്കുന്നതിലും രക്തയോട്ടം നിയന്ത്രിക്കുന്നതിലും നൈട്രിക് ഓക്സൈഡിന് പങ്കുണ്ട്. തലച്ചോറിലേക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതിന് മികച്ച രക്തയോട്ടം പ്രധാനമാണ്.

കൂടാതെ, തലച്ചോറിലെ ഇൻസുലിൻ പ്രവർത്തനവും ഓർമശക്തിയും തമ്മിൽ ബന്ധമുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് മാത്രമല്ല, നാഡീകോശങ്ങളുടെ വളർച്ചയ്ക്കും ആശയവിനിമയത്തിനും ഓർമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ഇൻസുലിൻ സഹായിക്കുന്നു. പ്രായമാകുമ്പോൾ തലച്ചോറിലെ ഇൻസുലിൻ പ്രതികരണശേഷി കുറയാൻ സാധ്യതയുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട ബുദ്ധിശേഷിക്കുറവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

നിലക്കടല എങ്ങനെ കഴിക്കണം

നിലക്കടലയുടെ തൊലിയിൽ നാരുകളും പോളിഫിനോൾസ് ഉൾപ്പെടെയുള്ള സസ്യസംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. അതുകൊണ്ട് തൊലിയോടുകൂടിയ നിലക്കടലയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

എന്നാൽ 60 ഗ്രാം നിലക്കടലയിൽ ഏകദേശം 320 കലോറിയും 22 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കും. അതിനാൽ ഭക്ഷണത്തിൽ അധികമായി ചേർക്കുന്നതിന് പകരം അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾക്ക് പകരമായി മിതമായ അളവിൽ ഉപയോഗിക്കുന്നതാണ് ഉചിതം.






News Desk
2026-11-24



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.