Kerala

വാഹനമോഡിഫിക്കേഷന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഗതാഗത മന്ത്രി

ഇനി പ്രതീക്ഷ വേണ്ട…; വാഹനമോഡിഫിക്കേഷന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: വാഹനമോഡിഫിക്കേഷന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാഹനങ്ങളുടെ രൂപമാറ്റം കേന്ദ്ര നിയമങ്ങള്‍ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും വിധേയമായിരിക്കണമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അനധികൃത മോഡിഫിക്കേഷന് 5000 രൂപ വീതം പിഴ ഈടാക്കും. മെയ് 18 മുതല്‍ സെപ്റ്റംബര്‍ 30 വരെ അനധികൃത രൂപമാറ്റത്തിന് 5.53 കോടി രൂപ പിഴ ചുമത്തിയതായി മന്ത്രി സഭയില്‍ രേഖാമൂലം അറിയിച്ചു.

വാഹനമോഡിഫിക്കേഷന്‍ നടക്കില്ല എന്ന് സ്ഥിരീകരിക്കാന്‍ കഴിയുന്ന മറുപടിയായാണ് മന്ത്രിയുടെ രേഖാമൂലമുള്ള പരാമര്‍ശങ്ങള്‍ കണക്കിലാക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ വാഹനമോഡിഫിക്കേഷന് അനുമതി നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ വാഗ്ദാനം. അന്ന് മുതല്‍ തന്നെ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തിന് കീഴില്‍ വരുന്നതാണെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ കെ എന്‍ ബാലഗോപാലിന്റെ ചോദ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി തന്നെ ഇപ്പോള്‍ നല്‍കുന്ന മറുപടി മുഖ്യമന്ത്രിയുടെ വാഗ്ദാനം വാഗ്ദാനമായി തന്നെ അവശേഷിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. മോട്ടോര്‍ വാഹന നിയമത്തില സെക്ഷന്‍ 52 പ്രകാരം വാഹന ഉടമയ്ക്ക് ആര്‍സിയില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്താന്‍ കഴിയില്ല. അഥവാ നിറം അടക്കം ഉള്ളവ മാറ്റണമെങ്കില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ അനുവദിക്കൂ എന്നും നിയമം വ്യക്തമാക്കുന്നുണ്ട്.

അംഗീകൃത ഡീലര്‍ വഴിയോ അംഗീകൃ വര്‍ക്ക് ഷോപ്പ് വഴിയോ മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ എന്നും കേന്ദ്ര നിയമത്തില്‍ വിശദീകരിക്കുന്നുണ്ട്. ഈ ചട്ടം നിലനില്‍ക്കെ സംസ്ഥാനത്തിന് മാത്രമായി ഒരിളവും ഇല്ല എന്നതാണ് ഗതാഗത മന്ത്രി തന്നെ വ്യക്തമാക്കുന്നത്. ഇളവുകള്‍ സംബന്ധിച്ച് യുവജന വാഹന ഉടമകളുടെ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്ന വെളിപ്പെടുത്തലും സി പി ജോണ്‍ സഭയില്‍ നടത്തുന്നുണ്ട്. ഇവരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നു എന്ന് മുഖ്യമന്ത്രിയുടെ വാദം കൂടിയാണ് ഇതിലൂടെ പൊളിയുന്നത്. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

 






News Desk
2026-11-07



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.